Saturday, October 04, 2008

news

സ്വദേശി ജാഗരണ്‍മഞ്ച്‌ കോളക്കമ്പനി മാര്‍ച്ച്‌ നടത്തി

പ്ലാച്ചിമട: കൊക്കകോളയെ നാടുകടത്തുക, തദ്ദേശവാസികള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിദിനത്തില്‍ പ്ലാച്ചിമട കോളക്കമ്പനിയിലേക്ക്‌ ജനകീയമാര്‍ച്ച്‌ നടത്തി. കന്നിമാരിയില്‍നിന്നാരംഭിച്ച മാര്‍ച്ച്‌ പ്ലാച്ചിമട കൊക്കകോള കമ്പനിക്കുമുന്നില്‍ പോലീസ്‌ തടഞ്ഞു. തുടര്‍ന്നുനടന്ന പ്രതിഷേധയോഗം സ്വദേശി ജാഗരണ്‍മഞ്ച്‌ സംസ്ഥാന പ്രസിഡന്റ്‌ എം. ശശിഭൂഷണമേനോന്‍ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനസര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്‌മയുടെ തെളിവാണ്‌ കൊക്കകോള ഫാക്ടറി ഇപ്പോഴും പ്ലാച്ചിമടയില്‍ സ്ഥിതിചെയ്യുന്നതിന്‌ കാരണമെന്ന്‌ അദ്ദേഹം പറഞ്ഞു. കൊക്കകോള വിരുദ്ധസമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സ്വദേശി ജാഗരണ്‍മഞ്ച്‌ ജില്ലാ കണ്‍വീനര്‍ കെ. മുരളീധരന്‍, സംസ്ഥാന ഓര്‍ഗനൈസര്‍ കെ.വി. ബിജു, ബി.എം.എസ്‌. ജില്ലാ പ്രസിഡന്റ്‌ നാരായണന്‍ കേക്കടവന്‍ എന്നിവര്‍ പ്രസംഗിച്ചു.

news

കാവളങ്കോട്‌ പാടശേഖര സമിതിക്ക്‌ അംഗീകാരമായി കൊയ്‌ത്ത്‌മെതി യന്ത്രവും

കൊല്ലങ്കോട്‌: സംസ്ഥാനത്തെ മികച്ച പാടശേഖര സമിതിക്കുള്ള സര്‍ക്കാരിന്റെ നെല്‍ക്കതിര്‍ അവാര്‍ഡ്‌ ലഭിച്ച വടവന്നൂര്‍ കാവളങ്കോട്‌ പാടശേഖര സമിതിക്ക്‌ അംഗീകാമായി കൊയ്‌ത്ത്‌മെതി യന്ത്രവും സ്വന്തമാകുന്നു. കൊല്ലങ്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌, വടവന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്‌, പാലക്കാട്‌ നെല്‍വികസന സമിതി എന്നിവയുടെ ധനസഹായത്തോടെ 18 ലക്ഷത്തിലധികം ചെലവിലാണ്‌ സമിതിക്ക്‌ സൗജന്യമായി കൊയ്‌ത്ത്‌യന്ത്രം ലഭിക്കുന്നത്‌. സാധാരണ പഞ്ചായത്തുകള്‍ക്കുമാത്രം നല്‍കിയിരുന്ന കൊയ്‌ത്ത്‌മെതി യന്ത്രം ഒരുകര്‍ഷക സമിതിക്കായി ലഭിക്കുന്നത്‌ സംസ്ഥാനത്തുതന്നെ ആദ്യസംഭവമാണെന്ന്‌ സമിതി ഭാരവാഹികളായ മുഹമ്മദ്‌ ഇക്‌ബാല്‍, വേണു തുടങ്ങിയവര്‍ പറയുന്നു. യന്ത്രത്തിന്റെ പ്രവര്‍ത്തനോദ്‌ഘാടനം ശനിയാഴ്‌ച മന്ത്രി മുല്ലക്കര രത്‌നാകരന്‍ നിര്‍വഹിക്കും.